പേരാവൂർ: കണ്ണൂരിൻ്റ മലയോര മേഖലയിലെ പ്രമുഖ ക്ലാസ് വൺ ബാങ്കായ തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക് അതിന്റെ പ്രവർത്തന ലാഭം ഉപയോഗിച്ച് പൊതുജനങ്ങൾക്കും മേഖലയിലെ കർഷകർക്കും സ്ഥിരവരുമാനം ലക്ഷ്യം വെച്ചുകൊണ്ട് പുതുതായി ഒരു സംരംഭം ആരംഭിച്ചിരിക്കുകയാണ്. ബാങ്കിന് കീഴിലുള്ള ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ അംഗങ്ങൾ കൃഷി ചെയ്യുന്നതും നിർമ്മിക്കുന്നതുമായ കാർഷികവും കാർഷികേതരവുമായ ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വാങ്ങിക്കുകയും പൊതുമാർക്കറ്റിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽക്കുന്നതിനുമായി ഒരു സംഭരണ വിതരണ കേന്ദ്രമാണ് ബാങ്ക് ഒരുക്കുന്നത്. 'ഗാർഡൻ ഫ്രഷ്' എന്ന പേരിൽ ഒരു സ്ഥാപനം തൊണ്ടിയിൽ തന്നെ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ജെഎൽജി അംഗങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുറമേ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഈ സ്ഥാപനത്തിൽ നിന്ന് പൊതുമാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും കൂടിയുണ്ട് ബാങ്കിന്. കൂടാതെ ആദ്യഘട്ടത്തിൽ മേഖലയിലെ അമ്പതോളം കുടുംബങ്ങൾക്ക് 'മുട്ടഗ്രാമം' പദ്ധതിയിൽ ചേർത്ത് 1000 മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴിക്കൂടും വിതരണം ചെയ്തു. ഇതിനും പുറമേ ' ചക്ക ഗ്രാമം' പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്തി ന്യായമായ വിലയ്ക്ക് 750 ഓളം 'ആയുർ ജാക്ക്' പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ബാങ്കിലെ എ ക്ലാസ്സ് മെമ്പർമാർക്കുള്ള 2022-23 വർഷത്തെ 25% ലാഭവിഹിതത്തിന്റെ വിതരണവും നടകയാണ് ബാങ്ക് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കണ്ണൂർ ജില്ലയിലെ തന്നെ ലാഭകരമായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കാണിത്. ഇരിട്ടി താലൂക്കിൽ വിരലിൽ എണ്ണാവുന്ന ബാങ്കുകൾ മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത് എന്നിരിക്കെയാണ് മലയോര കുടിയേറ്റ മേഖലയിൽ കർഷക ക്ഷേമത്തിലും സഹകരണത്തിലും പുത്തൻ മാതൃകയാകുന്ന പ്രവർത്തനവുമായാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് മുന്നേറുന്നത്. കോൺഗ്രസിൻ്റെ ഭരണ സമിതിയാണ് ബാങ്കിനുള്ളത്. കണ്ണൂർ ജില്ലയിലെ ഒന്നാംനിര സഹകരണ ബാങ്കായ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിനെ കൂടുതൽ കർഷാകാനുകൂല സംഘമാക്കി മാറ്റുകയും കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ് സണ്ണി സിറിയക് പൊട്ടങ്കൽ പറയുന്നു. പുതിയ സംരംഭത്തിൻ്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക് അധ്യക്ഷനായിരുന്നു. പേരാവൂർ സെൻ്റ് ജോസഫ്‌സ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യ വില്പന പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. വേണുഗോപാലനും ലാഭവിഹിത വിതരണോദ്ഘാടനം കണ്ണൂർ ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രദോഷ് കുമാറും മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ രാജു ജോസഫും ചക്ക ഗ്രാമം പദ്ധതി ഉദ്ഘാടനം പേരാവൂർ കൃഷി ഓഫീസർ എം സാന്ദ്രയും നിർവ്വഹിച്ചു. സെക്രട്ടറി ജോജോ ജോസഫ്, ജുബിലി ചാക്കോ, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, കെ. വി. ബാബു, അഡ്വ. ഷെഫീർ ചെക്യാട്ട്, കെ.സമീറ, കെ.പി. ജയ, ടി. പി. എസ്‌തപ്പാൻ തട്ടിൽ, സന്തോഷ് കോക്കാട്ട്, ബാബു തോമസ് പ്രസംഗിച്ചു.
Co-operative Bank's remarkable progress by opening a shop for farmers in Kannur's Thondi.